വെല്ലിംഗ്ടൺ: ന്യൂസിലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ അവസാന ദിനം ഒരു മണിക്കൂർ (ഏകദേശം 15 ഓവർ) ബാക്കിനിൽക്കെ സമനിലയ്ക്ക് സമ്മതിച്ച് മത്സരം അവസാനിപ്പിച്ച ഇന്ത്യൻ നായകൻ ശുഭ്മാൻ ഗില്ലിന്റെ തീരുമാനത്തിനെതിരെ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ ക്യാപ്റ്റനും ചീഫ് സെലക്ടറുമായിരുന്ന കൃഷ്ണമാചാരി ശ്രീകാന്ത്. വിജയസാധ്യത മുന്നിലുണ്ടായിട്ടും ഇന്ത്യ അത് വേണ്ടെന്നുവെച്ചുവെന്ന് ശ്രീകാന്ത് തന്റെ യൂട്യൂബ് ചാനലിൽ കുറ്റപ്പെടുത്തി.
വെല്ലിംഗ്ടണിലെ ബേസിൻ റിസർവിൽ നടന്ന മത്സരത്തിന്റെ അഞ്ചാം ദിനം ന്യൂസിലൻഡ് രണ്ടാം ഇന്നിംഗ്സിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 239 റൺസെടുത്ത് നിൽക്കുമ്പോഴാണ് ഇരു ടീമുകളും സമനിലക്ക് സമ്മതിച്ച് കൈകൊടുത്ത് പിരിഞ്ഞത്. അപ്പോഴും ഇന്നിംഗ്സ് തോൽവി ഒഴിവാക്കാൻ ന്യൂസിലൻഡിന് 113 റൺസ് കൂടി വേണമായിരുന്നു. 186 പന്തിൽ 49 റൺസെടുത്ത ഡാരിൽ മിച്ചലും 126 പന്തിൽ 26 റൺസെടുത്ത ഗ്ലെൻ ഫിലിപ്സുമായിരുന്നു ക്രീസിൽ. ഇവർക്ക് ശേഷം ബൗളർമാർ മാത്രമാണ് ന്യൂസിലൻഡ് നിരയിൽ ബാറ്റ് ചെയ്യാനുണ്ടായിരുന്നത്.
ഒരു മണിക്കൂർ ബാക്കിനിൽക്കെ എന്തിനാണ് ഇരു ടീമുകളും കൈകൊടുത്ത് പിരിഞ്ഞത്?. ഒരു മണിക്കൂറിനുള്ളിൽ അഞ്ച് വിക്കറ്റ് വീഴ്ത്താൻ കഴിയില്ലേ? ഞാനായിരുന്നെങ്കിൽ വിജയത്തിനായി തന്നെ ശ്രമിക്കുമായിരുന്നു. ബൗളർമാർ ക്ഷീണിതരാണെന്നത് ശരിതന്നെ, പക്ഷേ നിങ്ങൾ വിജയത്തിന് തൊട്ടടുത്തായിരുന്നു. ഒരു വിക്കറ്റ് കൂടി വീഴ്ത്താൻ കഴിഞ്ഞിരുന്നെങ്കിൽ ന്യൂസിലൻഡിന്റെ വാലറ്റക്കാർ മാത്രമേ ബാറ്റ് ചെയ്യാൻ ഉണ്ടാകുമായിരുന്നുള്ളൂ. എന്നിട്ടും എന്തിനാണ് സമനിലയ്ക്ക് വഴങ്ങിയതെന്ന് മനസ്സിലാകുന്നില്ലെന്നും ശ്രീകാന്ത് പറഞ്ഞു.
അവസാന ദിനത്തിലെ ഇന്ത്യയുടെ ഫീൽഡ് വിന്യാസത്തെയും ശ്രീകാന്ത് ചോദ്യം ചെയ്തു. അവസാന 43 ഓവറുകളിൽ ഒരു വിക്കറ്റ് പോലും വീഴ്ത്താൻ ഇന്ത്യൻ ബൗളർമാർക്ക് സാധിച്ചിരുന്നില്ല. ഇന്ത്യയുടെ ഫീൽഡിംഗും കുറച്ചുകൂടി മെച്ചപ്പെടുത്താമായിരുന്നു. അഞ്ചാം ദിനം പോലും എന്തിനാണ് സ്ലിപ്പ് ഇല്ലാതെ പന്തെറിഞ്ഞത്. ജസ്പ്രീത് ബുംറ പന്തെറിയുമ്പോൾ പോലും സ്ലിപ്പില്ലാതെ ഒരു ഗള്ളി മാത്രമാണ് ഉണ്ടായിരുന്നത്. ന്യൂസിലൻഡിന്റെ അഞ്ച് വിക്കറ്റുകൾ വീണ ശേഷവും സ്ലിപ്പില്ലാതെ പന്തെറിഞ്ഞ സന്ദർഭങ്ങളുണ്ടായി. ബുംറ പന്തെറിയുമ്പോൾ എങ്ങനെയാണ് സ്ലിപ്പ് ഇല്ലാതെ ഫീൽഡ് ഒരുക്കാൻ കഴിയുകയെന്നും ശ്രീകാന്ത് ചോദിച്ചു.
നേരത്തെ മുന്‍ ഇംഗ്ലണ്ട് നായകന് മൈക്കല്‍ വോണും സമനിലക്ക് സമ്മതിച്ച ഗില്ലിന്റെ തീരുമാനത്തിനെതിരെ രംഗത്തുവന്നിരുന്നു. ഇന്ത്യയുടെ തീരുമാനം അവിശ്വസനീയമാണെന്ന് വോൺ എക്സില്‍ അഭിപ്രായപ്പെട്ടു. ഇത് അവിശ്വസനീയം തന്നെ.. അപ്പോൾ ടെസ്റ്റ് മത്സരത്തിന്റെ അവസാന മണിക്കൂറിൽ ഇതിനുമുമ്പ് അഞ്ച് വിക്കറ്റുകൾ വീണിട്ടേയില്ല അല്ലേ എന്നായിരുന്നു പരിഹാസരൂപേണയുള്ള വോണിന്റെ കമന്റ്. മുന്‍ ഇംഗ്ലണ്ട് നായകന് ബെന്‍ സ്റ്റോക്സും സമനിലക്ക് സമ്മതിച്ച ഇന്ത്യയുടെ തീരുമാനത്തില്‍ അത്ഭുതം പ്രകടിപ്പിച്ചിരുന്നു.
ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
ആദ്യ ഇന്നിംഗ്സിൽ ന്യൂസിലൻഡിന്റെ 368 റൺസിന് മറുപടിയായി 720/9 എന്ന കൂറ്റൻ സ്കോർ പടുത്തുയർത്തി 352 റൺസിന്റെ ലീഡ് നേടിയ ശേഷമാണ് ഇന്ത്യ സമനില വഴങ്ങിയത്. മത്സരം സമനിലയായതോടെ ഇരു ടീമുകൾക്കും നാല് പോയിന്റുകൾ വീതം മാത്രമാണ് ലഭിച്ചത്. ഇതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ ഇന്ത്യയുടെ വിജയശതമാനം 50 ആയി കുറയുകയും നാലാം സ്ഥാനത്ത് തുടരുകയും ചെയ്തു.പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റ് നവംബർ 27 വെള്ളിയാഴ്ച ക്രൈസ്റ്റ്ചർച്ചിൽ ആരംഭിക്കും.

