തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ശൈലിയിൽ ആർഎസ്പിക്ക് കടുത്ത അതൃപ്തി. ബോർഡ് കോർപറേഷൻ വിഭജനത്തിൽ ഉഭയകക്ഷി ചർച്ചയ്ക്ക് ആർഎസ്പി മൂന്ന് തവണ നേരിട്ട് ആവശ്യപ്പെട്ടു. എന്നാൽ ഉറപ്പ് പറഞ്ഞിട്ടും ചർച്ച നടത്തിയില്ലെന്നാണ് ആർഎസ്പിയുടെ ആക്ഷേപം. ഒടുവിൽ നാല് പദവികൾ വാഗ്ദാനം ചെയ്തെങ്കിലും ഇത് ആർഎസ്പിക്ക് താൽപര്യമുള്ളവയല്ല. പരസ്യ പ്രതികരണം മിതപ്പെടുത്തിയത് മുന്നണി മര്യാദ പരിഗണിച്ചാണെന്നാണ് ആർഎസ്പി നേതാക്കൾ പറയുന്നത്.

മന്ത്രിസഭയിൽ കൂടിയാലോചനയില്ലാതെ മുഖ്യമന്ത്രി ഏകപക്ഷീയമായി തീരുമാനമെടുക്കുന്നുവെന്ന മന്ത്രിമാരുടെ പരാതിക്ക് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ശൈലിയിൽ ഘടകകക്ഷിയായ ആർഎസ്പിയും എതിർപ്പ് ഉയർത്തുന്നത്. ബോർഡ് കോർപറേഷൻ വിഭജനത്തിൽ ആർഎസ്പി നിയോഗിച്ച സമിതിക്ക് നേതൃത്വം നൽകിയ എൻ കെ പ്രേമചന്ദ്രൻ മുഖ്യമന്ത്രിയെ കണ്ട് ഉഭയകക്ഷി ചർച്ച നടത്തണമെന്ന് ആവശ്യപ്പെട്ടുവെന്നാണ് വിവരം. ചർച്ച നടത്താമെന്ന് അറിയിച്ചിരുന്നെങ്കിലും അത് നടന്നില്ല. ഒടുവിൽ നാല് ബോർഡുകൾ വാഗ്ദാനം ചെയ്തെങ്കിലും അതിൽ ആർഎസ്പി കൈകാര്യം ചെയ്യുന്ന വകുപ്പുകൾക്ക് കീഴിലുള്ള ബോർഡുകളും കോർപറേഷനുകളും ഉണ്ടായിരുന്നില്ല.

യുഡിഎഫ് യോഗം ചേരാത്തതിലും ബോർഡ് കോർപറേഷൻ വിഭജനം വൈകുന്നതിലും എതിർപ്പ് അറിയിച്ച് കഴിഞ്ഞ ദിവസം ആർഎസ്പി നേതൃത്വം പരസ്യമായി രംഗത്തെത്തിയിരുന്നു. നയപരമായ വിഷയങ്ങളും വിയോജിപ്പ് ഉള്ള കാര്യങ്ങളും മുന്നണിയിലാണ് ചർച്ച ചെയ്യേണ്ടതെന്ന് ആർഎസ്പി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം എൻ കെ പ്രേമചന്ദ്രൻ വ്യക്തമാക്കിയിരുന്നു. കടുത്ത അതൃപ്തിയുണ്ടെങ്കിലും പരസ്യ പ്രതികരണം മിതപ്പെടുത്തിയത് മുന്നണി മര്യാദ പാലിച്ചാണെന്നാണ് ആർഎസ്പി നേതാക്കൾ അറിയിക്കുന്നത്.

അതേസമയം ബോർഡ് കോർപറേഷൻ വിഭജനത്തെച്ചൊല്ലിയുള്ള തർക്കത്തിന് പിന്നാലെ കോൺഗ്രസിലെ ചർച്ചകളിൽ അനിശ്ചിതത്വം ഉണ്ടായിരിക്കുകയാണ്. പ്രാതിനിധ്യമില്ലെന്ന പരാതിയുമായി എ വിഭാഗം രംഗത്തെത്തി. ഹൈക്കമാൻഡ് ഇടപെട്ട് സമിതിയുണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് എ ഗ്രൂപ്പ് നേതാക്കൾ. അതിനിടെ, മദ്യനയത്തിന്റെ കരടായെങ്കിലും പരിശോധിക്കാൻ യുഡിഎഫ് ഉപസമിതി ആയില്ല. മദ്യനയം ഉപസമിതി പരിശോധിച്ച ശേഷം കൈമാറിയാൽ മതിയെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിർദേശം. ഉപസമിതി അധ്യക്ഷനായി കെ ശിവദാസൻ നായർ ആണ് കോൺഗ്രസ് പരിഗണനയിൽ ഉള്ളത്.