ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷം ജീവിതത്തിലേക്ക് തിരികെ വന്ന നടനും മിമിക്രി താരവുമായ കണ്ണന് സാഗര്‍ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുന്നു. മേള സിനിമയുടെ ലൊക്കേഷനിലെത്തി മമ്മൂട്ടിയെ നേരിട്ട് കാണുന്ന വീഡിയോയും കണ്ണൻ സാഗർ പങ്കുവെച്ചിട്ടുണ്ട്. തന്റെ ചികിത്സയ്ക്ക് സഹായം ചെയ്ത മമ്മൂട്ടിക്ക് നന്ദി അറിയിച്ചുകൊണ്ടുള്ളതായിരുന്നു പോസ്റ്റ്.
''ചില കൂടിക്കാഴ്ചകള്‍ക്ക് വാക്കുകളേക്കാള്‍ ആഴമുണ്ടാകും, കണ്ണീരിന്റെ നനവുണ്ടാകും. വേദനകളുടെ ഇരുട്ടില്‍ നിന്ന് എന്നെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന പ്രിയപ്പെട്ട മമ്മൂക്കയുടെ മുന്നില്‍ നിന്നപ്പോള്‍ എന്റെ ഹൃദയം നിറഞ്ഞൊഴുകുകയായിരുന്നു.! 'പനങ്ങാട് 'മേള' സിനിമയുടെ ലൊക്കേഷനിലെത്തി മമ്മൂക്കയെ കണ്ടനേരം വാക്കുകള്‍ മുറിഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഷൂട്ടിംഗ് ലൊക്കേഷനില്‍ കണ്ടിട്ടുണ്ടെങ്കിലും, ഇത്രയടുത്ത് കാണുന്നതും, സംസാരിച്ചതും ആദ്യമായിരുന്നു. എന്റെ കണ്ണൊക്കെ ആകെ നിറഞ്ഞിരുന്നു. 'വേദനകളൊക്കെ കഴിഞ്ഞു, ഇനി പഴയതുപോലെ ചിരിച്ചും ചിരിപ്പിച്ചും സിനിമയില്‍ വീണ്ടും സജീവമാകണം' എന്ന് ആ ഗാംഭീര്യമുള്ള ശബ്ദത്തില്‍ കേട്ടപ്പോള്‍, അത് വെറുമൊരു വാക്കല്ലായിരുന്നു... എനിക്ക് കിട്ടിയ പുതിയൊരു ജന്മത്തിന്റെ അനുഗ്രഹമായിരുന്നു!
ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
ഈ ഫ്രെയിമില്‍ എനിക്കൊപ്പം നില്ക്കുന്ന പ്രിയപ്പെട്ട കെ.എസ്. പ്രസാദേട്ടനും, പ്രതിസന്ധികളില്‍ തണലായി എപ്പോഴും കൂടെയുള്ള പ്രിയതമ ഗീതയും, രാജഗിരി ആശുപത്രിയിലെ കാര്‍ഡിയാക് സര്ജന് പ്രദീപ് ഡോക്ടര്‍, കാര്‍ഡിയോളജി വിഭാഗം മേധാവിയായ ഡോ. വിനോദ് തോമസ് എന്നിവരും ഒപ്പമുണ്ടായിരുന്നു എന്നത് ഇരട്ടി മധുരമായി. എന്റെ വേദന മമ്മൂക്കയെ അറിയിച്ച രമേഷ് പിഷാരടി, ചികിത്സ കാര്യങ്ങള്‍ ഏകോപിപ്പിച്ച 'കെയര്‍ ആന്‍ഡ് ഷെയര്‍' ഫൗണ്ടേഷന് ഭാരവാഹികള്‍, അതിന്റെ ഡയറക്ടര്‍ റോബര്‍ട്ട് കുര്യാക്കോസ് (ജിന്‍സ്), കൂടെനിന്ന MAA ഭാരവാഹികള്‍, രാജഗിരിയിലെ മാലാഖമാരായ നഴ്സുമാര്‍, ജീവനക്കാര്‍ പിന്നെ എനിക്കായി പ്രാര്‍ത്ഥിച്ച നിങ്ങള്‍ ഓരോരുത്തരും... എല്ലാവരോടും തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ട്. അപ്പോള്‍ പ്രീയപ്പെട്ടവരേ, ഞാന്‍ വീണ്ടും വരുന്നു, നിങ്ങള്‍ തന്ന സ്നേഹത്തിനും ചിരിക്കുമിടയിലേക്ക്!'', കണ്ണൻ സാഗർ ഫേസ്ബുക്കിൽ കുറിച്ചു.

