അമൽ നീരദ് സംവിധാനം ചെയ്ത ബാച്ച്‌ലർ പാർട്ടി ചിത്രത്തിന്റെ രണ്ടാം ഭാഗമായ ഡുഎക്സ് നവംബർ 19 ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ എത്തുന്നതിന്റെ ഭാഗമായി അഡ്വാൻസ് ബുക്കിങ് ആരംഭിച്ചു. കൾട്ട് ക്ലാസിക് പദവിയുള്ള ആദ്യ ഭാഗത്തിന് ശേഷം പതിനാല് വർഷങ്ങൾക്ക് ശേഷം എത്തുന്ന ഈ ചിത്രത്തിന് എ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. നസ്‌ലൻ, ടൊവിനോ തോമസ്, സൗബിൻ ഷാഹിർ, കുഞ്ചാക്കോ ബോബൻ തുടങ്ങി മലയാളത്തിലെ നിരവധി പ്രമുഖ താരങ്ങൾ അണിനിരക്കുന്ന ഈ ചിത്രം അമൽ നീരദ് പ്രൊഡക്ഷൻസ്, അൻവർ റഷീദ് എന്‍റർടെയ്ൻമെന്‍റ്സ്, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ് എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ട്രെയിലറുകളും ഗാനങ്ങളും ഫസ്റ്റ് ലുക്ക് പോസ്റ്ററുകളും വലിയ സ്വീകാര്യത നേടിയതോടെ ഓൺലൈൻ ബുക്കിങ് പ്ലാറ്റ്‌ഫോമുകളിൽ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.