കണ്ണൂർ: പയ്യന്നൂരിലെ സഹകരണ വാരാഘോഷത്തില്‍ വി കുഞ്ഞികൃഷ്ണനെ വെട്ടിയ നടപടി തിരുത്തി സംഘാടകര്‍. വി കുഞ്ഞികൃഷ്ണന് എംഎല്‍എയെ ഉദ്ഘാടകനാക്കി തലയൂരാനാണ് ശ്രമം. സഹകരണ വകുപ്പിന്റെ ഇടപെടലിനെ തുടര്‍ന്നാണ് തീരുമാനം. കുഞ്ഞികൃഷ്ണനെ ഉദ്ഘാടകനാക്കി പുതിയ പോസ്റ്റര്‍ തയ്യാറാക്കി.
നഗരസഭാ ചെയര്മാന് സരിന് ശശിയെയായിരുന്നു നേരത്തെ ഉദ്ഘാടകനായി നിശ്ചയിച്ചിരുന്നത്. കുഞ്ഞികൃഷ്ണനെ ഒഴിവാക്കിയത് വിവാദമായതോടെയാണ് സഹകരണ വകുപ്പ് ഇടപെട്ടത്. എം എൽ എയെയോ എം പിയെയോ പങ്കെടുപ്പിക്കണമെന്ന് കാട്ടി സഹകരണ വകുപ്പ് അഡീഷണൽ രജിസ്ട്രാറാണ് ഉത്തരവിറക്കിയത്. ഇതിന് പിന്നാലെയാണ് കുഞ്ഞികൃഷ്ണനെ ഉദ്ഘാടകനാക്കി പുതിയ പോസ്റ്റര്‍ തയ്യാറാക്കിയത്. സിപിഎം നിര്‍ദേശ പ്രകാരമാണ് കുഞ്ഞികൃഷ്ണനെ ഒഴിവാക്കിയതെന്നായിരുന്നു ഉയര്‍ന്ന ആരോപണം. തളിപ്പറമ്പ് സര്‍ക്കിള്‍ സഹകരണ യൂണിയനാണ് നാളെ പയ്യന്നൂരില്‍ പരിപാടി സംഘടിപ്പിക്കുന്നത്.

