കൊച്ചിയിൽ സമാപിച്ച ഇന്ത്യ എഐ എജ്യുക്കേഷൻ സമ്മിറ്റ് 2026 വിദ്യാഭ്യാസരംഗത്ത് നിർമിതബുദ്ധിയുടെ ഉത്തരവാദിത്തപൂർണമായ ഉപയോഗം അനിവാര്യമാണെന്ന് ഓർമിപ്പിച്ചു. കൊച്ചി താജ് വിവാന്തയിൽ നടന്ന ഇരുദിന ഉച്ചകോടി ഐ എസ്‌ ഇ കേരളയും സിബിഎസ്ഇ സ്കൂൾ മാനേജ്‌മെന്റ്‌സ് അസോസിയേഷനും ചേർന്നാണ് സംഘടിപ്പിച്ചത്. അധ്യാപനരീതികളിൽ എഐ പ്രയോജനപ്പെടുത്തുമ്പോൾ മാനുഷിക മൂല്യങ്ങൾക്കും കുട്ടികളുടെ ഓൺലൈൻ സുരക്ഷയ്ക്കും മുൻഗണന നൽകണമെന്ന് പരിപാടിയിൽ പങ്കെടുത്ത ഹൈബി ഈഡൻ എംപി, ഡോ. ക്ലെയർ വാൽഷ്, വൈഷ്ണവ് ശ്രീകിരൺ തുടങ്ങിയ പ്രമുഖർ വ്യക്തമാക്കി. സ്വന്തം ചിന്തകൾക്ക് പകരക്കാരനായി എഐയെ കാണാതെ, അറിവും സർഗാത്മകതയും വികസിപ്പിക്കാനുള്ള ഉപാധിയായി അതിനെ ഉപയോഗിക്കണമെന്ന സന്ദേശത്തോടെയാണ് ഉച്ചകോടി സമാപിച്ചത്.