സംസ്ഥാന സർക്കാർ സൈനികക്ഷേമ ഡയറക്ടറേറ്റ് വഴി വിമുക്തഭടന്മാരുടെ മക്കൾക്കായി നൽകുന്ന ബ്രൈറ്റ് സ്റ്റുഡന്റ്സ് സ്കോളർഷിപ്പിന് ഈ മാസം 30 വരെ ഓൺലൈനായി അപേക്ഷിക്കാം. പത്ത്, പന്ത്രണ്ട് ക്ലാസുകൾ, ബിരുദം, ബിരുദാനന്തര ബിരുദം, ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ്സുകൾ എന്നിവയിൽ പഠിക്കുന്നവർക്കാണ് അർഹതയുള്ളത്. അംഗീകൃത സ്ഥാപനങ്ങളിൽ പഠിക്കുന്നവരും, വാർഷിക വരുമാനം മൂന്ന് ലക്ഷം രൂപയിൽ താഴെയുള്ളവരും, മുൻ വാർഷിക പരീക്ഷയിൽ കുറഞ്ഞത് അൻപത് ശതമാനം മാർക്ക് നേടിയവരുമായിരിക്കണം അപേക്ഷകർ. പഠന നിലവാരത്തിന് അനുസൃതമായി രണ്ടായിരത്തി അഞ്ഞൂറു മുതൽ നാലായിരം രൂപ വരെയാണ് പ്രതിവർഷ സ്കോളർഷിപ്പ് തുകയായി ലഭിക്കുന്നത്. മറ്റ് സർക്കാർ സ്കോളർഷിപ്പുകൾ ലഭിക്കുന്നവർക്ക് ഇതിന് അർഹതയില്ലെങ്കിലും ആംഡ് ഫോഴ്സസ്, സൈനിക് വെൽഫെയർ ഫണ്ടുകളിൽ നിന്നുള്ള സഹായം ലഭിക്കുന്നവർക്ക് അപേക്ഷിക്കാവുന്നതാണ്.