ലോക ക്രിക്കറ്റില്‍ ക്യാപ്റ്റന്‍ കൂള്‍ എന്നറിയപ്പെടുന്ന മഹേന്ദ്ര സിംഗ് ധോണിയുടെ നേതൃപാടവവും അസാധാരണമായ ശാന്തതയും വിദേശ താരങ്ങളെ ഏറെ ആകര്‍ഷിച്ചിട്ടുണ്ട്. ക്രിക്കറ്റില്‍ ശത്രുപക്ഷത്തിന്റെ വീറും വാശിയും പ്രകടിപ്പിക്കുന്ന പാക്കിസ്ഥാന് താരങ്ങള്‍ പോലും ധോണിയുടെ ക്യാപ്റ്റന്‍സിയോട് ആരാധന വെച്ച് പുലര്‍ത്തുന്നവരായിരുന്നു.
ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ക്യാപ്റ്റന്മാരില് ഒരാളാണ് ധോണിയെന്ന് മുന്‍ പാക് നായകന് ഇന്‍സമാം ഉല് ഹഖ് വാഴ്ത്തിയിരുന്നു. ധോണി ടീമിനെ നയിച്ച രീതി താന്‍ ഏറെ ആസ്വദിച്ചിട്ടുണ്ട്. മത്സരഗതി മാറ്റി മറിക്കാന്‍ ഉതകുന്ന തീരുമാനങ്ങള്‍ അദ്ദേഹം കൈക്കൊള്ളുന്നത് അതിവേഗത്തിലാണ്- ഇന്‍സമാം നിരീക്ഷിച്ചു.
കളിക്കളത്തില്‍ ദേഷ്യപ്പെടുകയോ ബഹളം വെക്കുകയോ ഇല്ല. സമചിത്തതയോടെ തീരുമാനങ്ങളെടുക്കും. അത് ടീമിന് ഗുണകരമാകുന്നതും കാണാം. തന്റെ ഒരു നോട്ടത്തിലൂടെ ധോണിക്ക് സഹതാരങ്ങളെ നിയന്ത്രിക്കാന്‍ കഴിഞ്ഞിരുന്നു- മുന്‍ പാക് പേസര്‍ വഖാര്‍ യൂനിസ് അഭിപ്രായപ്പെട്ടു. 2023 ലെ ഐ പി എല്‍ കിരീട നേട്ടത്തിന് പിന്നാലെ ക്ഷമയാണ് ഏറ്റവും വലിയ ആയുധമെന്ന് ധോണി ക്രിക്കറ്റ് ലോകത്തെ ബോധ്യപ്പെടുത്തിയെന്ന് ഉമര്‍ അക്മല്‍ അഭി്നന്ദിച്ചു.
2011 ലോകകപ്പ് ഫൈനലില്‍ ധോണി സ്വയം ബാറ്റിംഗ് ഓര്‍ഡറില്‍ സ്ഥാനക്കയറ്റം നല്കി ഇറങ്ങിയത് ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച നീക്കമായിരുന്നു. നിര്‍ണായക ഘട്ടത്തില്‍ പിഴവുകളില്ലാതെ അദ്ദേഹം ടീമിനെ കിരീടത്തിലേക്ക് നയിച്ചത് മനോഹരമായ അധ്യായമായി - ആമിര്‍ സുഹൈല്‍ ഓര്‍ത്തെടുത്തു. ബാറ്റിംഗിലും വിക്കറ്റ് കീപ്പിംഗിലും ഫീല്‍ഡിംഗിലും ഒരുപോലെ മാതൃക കാണിച്ച പ്ലെയറാണ് ധോണിയെന്ന് പാക്കിസ്ഥാന്റെ മുന്‍ വിക്കറ്റ് കീപ്പര്‍ മൊയിന്‍ ഖാന് അഭിപ്രായപ്പെട്ടു. ക്രിക്കറ്റ് ലോകത്തെ യഥാര്‍ഥ ഇതിഹാസമെന്നാണ് ഷാഹിദ് അഫ്രീദി ധോണിയെ വിശേഷിപ്പിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് ലിങ്ക്: https://www.youtube.com/live/s0LLVQeMmtU?si=31j3tChnat66QzkK

