മുംബൈ: മുംബൈ ക്രിക്കറ്റ്‌ ടീമിന്റെ ഡ്രസിംഗ്‌ റൂമില്‍ ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കൊപ്പമുള്ള നിമിഷങ്ങള്‍ കരിയറിലെ അമൂല്യമായ അനുഭവമാണെന്ന്‌ സൂര്യകുമാര്‍ യാദവ്‌. മുംബൈ ഡ്രസിംഗ്‌ റൂമില്‍ സച്ചി്‌ന്‍ ടെണ്ടുല്‍ക്കര്‍ തന്റെ സ്വന്തം ഇരിപ്പിടം തനിക്ക്‌ നല്‍കിയതിനെ കുറിച്ചുള്ള ഓര്‍മകള്‍ സൂര്യകുമാര്‍ പങ്കുവെച്ചു. സയ്യിദ്‌ മുഷ്‌താഖ്‌ അലി ട്രോഫിയില്‍ മുംബൈ ടീമിനെ നയിക്കാന്‍ ഒരുങ്ങുന്നതിന്‌ മുന്നോടിയായി മുംബൈയില്‍ നടന്ന ഒരു ചടങ്ങിലാണ്‌ സൂര്യകുമാര്‍ തന്റെ കരിയറിലെ ഏറ്റവും മഹത്തരമായ നിമിഷങ്ങള്‍ ഓര്‍ത്തെടുത്തത്‌.

2010-11 കാലഘട്ടത്തില്‍ യുവതാരമായി മുംബൈ ഡ്രസിംഗ്‌ റൂമിലേക്ക്‌ സൂര്യകുമാര്‍ യാദവ്‌ ആദ്യമായി പ്രവേശിച്ചപ്പോള്‍ അവിടെ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, അമോല്‍ മജൂംദാര്‍, അജിത്‌ അഗാര്‍ക്കര്‍ തുടങ്ങിയ സീനിയര്‍ താരങ്ങള്‍ അവിടെയുണ്ടായിരുന്നു. ആ സമയത്ത്‌ ഡ്രസിംഗ്‌ റൂമിന്റെ വലത്‌ മൂലയിലുള്ള ഇരിപ്പിടം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ സൂര്യകുമാറിനായി ഒഴിഞ്ഞു കൊടുത്തു. സച്ചിന്‍ സ്ഥിരമായി ഇരിക്കുന്ന ഇടമായിരുന്നു അത്‌. അവിടെ ഒരു ചെറിയ ഗണപതി വിഗ്രഹം സൂക്ഷിച്ചിരുന്നു. ക്രിക്കറ്റ്‌ ഇതിഹാസം ഏറെ പവിത്രമായി ഉപയോഗിച്ചു പോന്നിരുന്ന ഇരിപ്പിടമാണ്‌ അന്ന്‌ സൂര്യകുമാറിന്‌ വേണ്ടി ഒഴിഞ്ഞു നല്‍കിയത്‌. ഈ നിമിഷം തന്റെ ക്രിക്കറ്റ്‌ ജീവിതത്തിലെ ഏറെ പ്രത്യേതകള്‍ നിറഞ്ഞ ഓര്‍മയായി സൂര്യകുമാര്‍ കരുതുന്നു.

വര്‍ഷങ്ങള്‍ കടന്നു പോയി, താന്‍ വീണ്ടും മുംബൈ ടീമിന്റെ ക്യാപ്‌റ്റന്‍ സ്ഥാനത്തേക്ക്‌ എത്തിയപ്പോഴേക്കും സാഹചര്യങ്ങളും തന്റെ വ്യക്തിത്വവും ഏറെ മാറിയെന്ന്‌ സൂര്യകുമാര്‍ പറഞ്ഞു. മുംബൈ ഡ്രസിംഗ്‌ റൂമില്‍ ഇപ്പോള്‍ താന്‍ കാണുന്ന യുവതാരങ്ങള്‍ പ്രതിഭകളും കഠിനാധ്വാനികളുമാണ്‌. അവരെ പ്രോത്സാഹിപ്പിക്കാന്‍ തന്റെ മുറിയുടെ വാതിലുകള്‍ എപ്പോഴും തുറന്നിട്ടിരിക്കുകയാണെന്നും, ഒരുമിച്ച്‌ വളരുന്നതിനെക്കുറിച്ചാണ്‌ താന്‍ അവരുമായി സംസാരിക്കാറുള്ളതെന്നും സൂര്യകുമാര്‍ പറഞ്ഞു.

ഏഷ്യാനെറ്റ്‌ ന്യൂസ്‌ ലൈവ്‌ ലിങ്ക്‌:https://www.youtube.com/live/s0LLVQeMmtU?si=31j3tChnat66QzkK