ഹോമിയോപ്പതി മരുന്നുകൾ തയാറാക്കുന്നതിനും വിതരണം ചെയ്യുന്നതിനും സഹായിക്കുന്ന ഓട്ടമേറ്റഡ് സംവിധാനം വികസിപ്പിച്ച കേരളത്തിൽ നിന്നുള്ള ഗവേഷക സംഘത്തിന് പേറ്റന്റ് ലഭിച്ചു. കൊച്ചി പുത്തൻകുരിശ് മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ അസിസ്റ്റന്റ് പ്രഫസർ സഫദ് ഇസ്മായിൽ, ഡോ. എം.വി. രാജേഷ്, പ്രഫസർ ഹർഷ വാസുദേവ പിള്ള, ആർ. മുഹമ്മദ് ഇക്ബാൽ എന്നിവരടങ്ങുന്ന സംഘമാണ് ഈ നേട്ടം കൈവരിച്ചത്. ക്ലിനിക്കുകളിലും ഫാർമസികളിലും മനുഷ്യഇടപെടൽ പരമാവധി കുറച്ച് കൃത്യതയോടെ മരുന്നുകൾ തയാറാക്കാൻ സഹായിക്കുന്ന ഈ സംവിധാനത്തിനായി നിർമിത ബുദ്ധി, ഒപ്റ്റിക്കൽ സെൻസിങ്, ഇന്റലിജന്റ് ഓട്ടമേഷൻ, എംബഡഡ് സിസ്റ്റംസ് തുടങ്ങിയ നൂതന സാങ്കേതികവിദ്യകളാണ് ഉപയോഗിച്ചിരിക്കുന്നത്.