ലഖ്‌നൌ: ദേശീയ സീനിയര്‍ വനിതാ ട്വന്റി 20 ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തെ ഒരു റണ്ണിന് തോല്‍പ്പിച്ച് പഞ്ചാബ്. ടി ഷാനിയുടെ ഓള്‍റൗണ്ട് മികവിനും അവസാന പന്ത് വരെ പൊരുതിയ സജന സജീവന്റെ തകര്‍പ്പന്‍ ഇന്നിങ്‌സിനും കേരളത്തെ വിജയത്തിലെത്തിക്കാനായില്ല. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സ് മാത്രമാണ് നേടാനായത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിന് തുടക്കത്തില്‍ തന്നെ രണ്ട് വിക്കറ്റ് നഷ്ടമായി. മൂന്നാം വിക്കറ്റില്‍ റിദ്ദിമ അഗര്‍വാളും ക്യാപ്റ്റന്‍ അമര്‍ജ്യോത് കൗറും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്ത 59 റണ്‍സാണ് ടീമിനെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. റിദ്ദിമ അഗര്‍വാള്‍ 48 റണ്‍സും അമര്‍ജ്യോത് കൗര്‍ 25ഉം റണ്‍സെടുത്തു. 26 റണ്‍സെടുത്ത അക്ഷിത ഭഗതും പഞ്ചാബ് ബാറ്റിങ് നിരയില്‍ തിളങ്ങി. കേരളത്തിന് വേണ്ടി ടി. ഷാനി നാല് വിക്കറ്റുകള്‍ വീഴ്ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ കിരണ്‍ നവ്ഗിരെയുടെ വിക്കറ്റ് നഷ്ടമായി. എന്നാല്‍ ടി. ഷാനിയും എ. അക്ഷയയും ചേര്‍ന്ന് 55 റണ്‍സ് കൂട്ടിച്ചേര്‍ത്തു. സ്‌കോര്‍ 57ല്‍ നില്‍ക്കെ ഒരോവറില്‍ കേരളത്തിന് രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. എ. അക്ഷയ 26ഉം വി. ദൃശ്യ പൂജ്യത്തിനും പുറത്തായി. 40 റണ്‍സെടുത്ത ടി. ഷാനിയും 17 റണ്‍സെടുത്ത ആശ ശോഭനയും പുറത്താകുമ്പോള്‍ കേരളത്തിന് ജയിക്കാന്‍ വേണ്ടിയിരുന്നത് 15 പന്തുകളില്‍ 42 റണ്‍സാണ്.
സമ്മര്‍ദ്ദങ്ങളില്ലാതെ ബാറ്റ് വീശിയ സജന സജീവന്‍ 16 പന്തുകളില്‍ രണ്ട് ഫോറും മൂന്ന് സിക്‌സുമടക്കം 33 റണ്‍സെടുത്തെങ്കിലും കേരളത്തെ വിജയത്തിലെത്തിക്കാനായില്ല. ഇരുപതാം ഓവറിലെ അവസാന മൂന്ന് പന്തുകള്‍ സജന സിക്‌സര്‍ പറത്തിയെങ്കിലും കേരളത്തിന്റെ സ്‌കോര്‍ 131ല്‍ അവസാനിച്ചു. ദിവ്യ ഗണേഷ് പുറത്താകാതെ ഒന്‍പത് റണ്‍സെടുത്തു. പഞ്ചാബിന് വേണ്ടി മമത റാണിയും പ്രിയ കുമാരിയും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി.

