മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2027 സീസണിന് മുന്നോടിയായി പരിശീലക സംഘത്തില്‍ വലിയ അഴിച്ചുപണിയുമായി മുംബൈ ഇന്ത്യന്‍സ്. ബൗളിങ് കോച്ചുമാരായ ലസിത് മലിംഗ, പരസ് മാംബ്രെ, ഫീല്‍ഡിങ് കോച്ച് കാള്‍ ഹോപ്കിന്‍സണ്‍ എന്നിവരുമായുള്ള ബന്ധം ഫ്രാഞ്ചൈസി അവസാനിപ്പിച്ചു. മഹേല ജയവര്‍ദ്ധനിക്ക് പകരം കീറോണ്‍ പൊള്ളാര്‍ഡ് പുതിയ പ്രധാന പരിശീലകനായി ചുമതലയേറ്റ് ദിവസങ്ങള്‍ക്കകമാണ് ഈ നിര്‍ണായക മാറ്റങ്ങള്‍ ഉണ്ടായിരിക്കുന്നത്.

മുംബൈ ഇന്ത്യന്‍സുമായി ദീര്‍ഘകാലത്തെ ആത്മബന്ധമുള്ള താരമാണ് ലസിത് മലിംഗ. ആദ്യം കളിക്കാരനായും പിന്നീട് കോച്ചിങ് റോളിലും ഫ്രാഞ്ചൈസിക്ക് ഒപ്പം പ്രവര്‍ത്തിച്ച മുന്‍ ശ്രീലങ്കന്‍ പേസര്‍, മുംബൈയുടെ നാല് ഐപിഎല്‍ കിരീട നേട്ടങ്ങളിലും 2011ലെ ചാമ്പ്യന്‍സ് ലീഗ് ടി20 വിജയത്തിലും നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. മുംബൈയുടെ ചരിത്രത്തിലെ ഏറ്റവും സ്വാധീനം ചെലുത്തിയ വ്യക്തികളില്‍ ഒരാളായ മലിംഗയുടെ പടിയിറക്കം ഫ്രാഞ്ചൈസിക്ക് വലിയൊരു അധ്യായത്തിന്റെ അവസാനമാണ്.

പരസ് മാംബ്രെയും മുംബൈ ഇന്ത്യന്‍സുമായി ദീര്‍ഘകാല ബന്ധമുള്ള വ്യക്തിയാണ്. 2010നും 2017നും ഇടയില്‍ ഫ്രാഞ്ചൈസിയുടെ ഭാഗമായിരുന്ന അദ്ദേഹം, 2024 ഒക്ടോബറില്‍ ഇന്ത്യന്‍ ടീമിന്റെ ബോളിങ് കോച്ച് സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെയാണ് വീണ്ടും മുംബൈയിലേക്ക് തിരിച്ചെത്തിയത്. മറ്റൊരു കോച്ചായ കാള്‍ ഹോപ്കിന്‍സണ്‍ ജെയിംസ് പാമെന്റിന് പകരമായി ഐപിഎല്‍ 2025ന് മുന്നോടിയായാണ് മുംബൈ ഇന്ത്യന്‍സിന്റെ ഫീല്‍ഡിങ് കോച്ചായി ചുമതലയേറ്റത്. ഇംഗ്ലണ്ട് പുരുഷ ടീമിനൊപ്പവും അയര്‍ലന്‍ഡിനൊപ്പവും പ്രവര്‍ത്തിച്ച അന്താരാഷ്ട്ര പരിചയസമ്പത്തുമായാണ് അദ്ദേഹം എത്തിയത്.

ചുമതലയേറ്റ് പൊള്ളാര്‍ഡ്

ഐപിഎല്‍ കരിയര്‍ അവസാനിപ്പിച്ച ശേഷം ഫ്രാഞ്ചൈസിയുടെ ബാറ്റിങ് കോച്ചായി സേവനം അനുഷ്ഠിച്ചു വരികയായിരുന്ന മുന്‍ വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടറാണ് ഇപ്പോള്‍ ടീമിന്റെ തലപ്പത്തേക്ക് എത്തിയിരിക്കുന്നത്. 2017 മുതല്‍ 2022 വരെയും പിന്നീട് 2024 മുതല്‍ 2026 വരെയുമായി രണ്ട് ഘട്ടങ്ങളിലായി മുംബൈയുടെ പരിശീലകനായിരുന്നു ജയവര്‍ദ്ധനക്ക് പകരമാണ് പൊള്ളാര്‍ഡ് എത്തുന്നത്. മുന്‍ ശ്രീലങ്കന്‍ താരത്തിന് കീഴില്‍ അദ്ദേഹത്തിന്റെ കീഴില്‍ 2017, 2019, 2020 വര്‍ഷങ്ങളില്‍ മുംബൈ ഐപിഎല്‍ കിരീടങ്ങള്‍ നേടിയിട്ടുണ്ട്.