ഓക്ലൻഡ്: ന്യൂസിലൻഡിനെതിരായ നാലാം ടി20 പോരാട്ടത്തിന് ഓക്ലൻഡിലെ ഈഡൻ പാർക്ക് ഒരുങ്ങുമ്പോൾ, ഇന്ത്യൻ ടീം മാനേജ്മെന്റിനെ കാത്തിരിക്കുന്നത് സെലക്ഷൻ പ്രതിസന്ധി. പരിക്കിൽ നിന്ന് മുക്തനായി വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷൻ തിരിച്ചെത്താൻ സാധ്യത തെളിഞ്ഞതോടെ, ബാറ്റിങ് ഓർഡറിൽ സഞ്ജു സാംസണെയാണോ അതോ കൗമാര താരം വൈഭവ് സൂര്യവംശിയെയാണോ കളിപ്പിക്കേണ്ടതെന്ന ആശയക്കുഴപ്പത്തിലാണ് ടീം.പരമ്പരയിൽ 3-0ത്തിന് മുന്നിലെത്തി അപരാജിത ലീഡ് നേടിയ ഇന്ത്യയ്ക്ക് പരീക്ഷണങ്ങൾക്ക് അവസരമുണ്ട്. വെല്ലിങ്ടണിൽ നടന്ന മൂന്നാം മത്സരത്തിൽ അഭിഷേക് ശർമയ്ക്കൊപ്പം ഓപ്പൺ ചെയ്ത വൈഭവ്, വെറും 19 പന്തിൽ 45 റൺസടിച്ച് റെക്കോര്‍ഡ് തുടക്കം നല്‍കിയിരുന്നു. വൈഭവ് ഓപ്പണറായെത്തിയതോടെ മുൻ മത്സരങ്ങളിൽ ഓപ്പൺ ചെയ്ത സഞ്ജു സാംസൺ മൂന്നാം നമ്പറിലേക്ക് മാറുകയായിരുന്നു.
മുൻ ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ അടക്കമുള്ളവർ ചൂണ്ടിക്കാണിക്കുന്നത് കിഷൻ കളിച്ചാൽ സഞ്ജുവിനെ വീണ്ടും ഓപ്പണിങ് സ്ഥാനത്തേക്ക് കൊണ്ടുവരണമെന്നാണ്. വൈഭവ് മികച്ച താരമാണെങ്കിലും കരിയറിന്റെ തുടക്കത്തിൽ തന്നെ അമിത സമ്മർദം നൽകരുതെന്നും അശ്വിൻ അഭിപ്രായപ്പെടുന്നു. ഇനി കിഷൻ പൂർണ കായികക്ഷമത കൈവരിച്ചിട്ടില്ലെങ്കിൽ വൈഭവ് ഓപ്പണറായി തുടരുകയും സഞ്ജു ടോപ് ഓർഡറിൽ കളിക്കുകയും ചെയ്യും.
സ്പിന്നർമാർക്ക് അവസരം ലഭിക്കുമോ?
ടീം ഇന്ത്യ ഇതുവരെ ഈ പരമ്പരയിൽ അവസരം നൽകാത്ത പ്രമുഖ സ്പിന്നർമാരായ കുൽദീപ് യാദവ്, വരുൺ ചക്രവർത്തി എന്നിവരെ ഈഡൻ പാർക്കിൽ പരീക്ഷിച്ചേക്കും. ചെറിയ സ്ട്രൈറ്റ് ബൗണ്ടറികളുള്ള ഈ ഗ്രൗണ്ടിൽ സ്പിന്നർമാർക്ക് റണ്‍സ് നിയന്ത്രിക്കുക എന്നത് വലിയ വെല്ലുവിളിയാണ്. ബൗളിങ് കോമ്പിനേഷൻ മാറ്റുമ്പോൾ ബാറ്റിങ് ഡെപ്തിനെ ബാധിക്കുമെങ്കിലും, ടി20 ലോകകപ്പ് മുന്നിൽ കണ്ട് ബെഞ്ച് സ്ട്രെങ്ത് പരിശോധിക്കാൻ മാനേജ്മെന്റ് മുതിർന്നേക്കും. പേസർ നിതീഷ് കുമാർ റെഡ്ഡിക്ക് വിശ്രമം നൽകിയാൽ ശിവം ദുബെയും ഇലവനിലേക്ക് എത്തിയേക്കാം.ഐസിസിയുടെ നിലവിലെ കുറഞ്ഞ ബൗണ്ടറി ദൂരപരിധിയേക്കാൾ ചെറിയ സ്ട്രൈറ്റ് ബൗണ്ടറികളാണ് ഈഡൻ പാർക്കിലുള്ളത്. വെല്ലിങ്ടണിൽ 199 റൺസ് ലക്ഷ്യം വെറും 13.2 ഓവറിൽ മറികടന്ന ഇന്ത്യയുടെ പവർ ഹിറ്റർമാർക്ക് ഈ മൈതാനം കൂടുതൽ അനുകൂലമായേക്കാം.
സാധ്യതാ ടീമുകൾ:
ഇന്ത്യ: അഭിഷേക് ശർമ, വൈഭവ് സൂര്യവംശി/ഇഷാൻ കിഷൻ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), തിലക് വർമ, നമാൻ ധീർ, നിതീഷ് കുമാർ റെഡ്ഡി/ശിവം ദുബെ, അക്സർ പട്ടേൽ/കുൽദീപ് യാദവ്, ഭുവനേശ്വർ കുമാർ, പ്രിൻസ് യാദവ്, അർഷ്ദീപ് സിങ്.
ന്യൂസിലൻഡ്: ഫിൻ അല്ലെൻ, ടിം സീഫെർട്ട് (വിക്കറ്റ് കീപ്പർ), ഡാരിൽ മിച്ചൽ, ഗ്ലെൻ ഫിലിപ്സ്, ബെവോൺ ജേക്കബ്സ്, മൈക്കൽ ബ്രേസ്വെൽ, മിച്ചൽ സാന്റ്നർ (ക്യാപ്റ്റൻ), ആദം മിൽനെ, ജേക്കബ് ഡഫി, മാറ്റ് ഫിഷർ, നഥാൻ സ്മിത്ത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

