മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യപരിശീലകൻ ഗൗതം ഗംഭീറിനെ ഐപിഎല്ലിലേക്ക് തിരികെ എത്തിക്കാൻ പ്രമുഖ ഫ്രാഞ്ചൈസികൾ നീക്കങ്ങൾ ആരംഭിച്ചതായി റിപ്പോർട്ട്. 2028 ഐപിഎൽ സീസണിന് മുന്നോടിയായി ഗംഭീറിനെ ടീമിന്‍റെ ഉപദേശകനോ (മെന്‍റർ) പരിശീലകനോ ആയി നിയമിക്കുന്നതിനായി നാല് പ്രമുഖ ഐപിഎൽ ഫ്രാഞ്ചൈസികൾ പ്രാഥമിക ചർച്ചകൾ നടത്തിക്കഴിഞ്ഞുവെന്ന് ദൈനിക് ജാഗരണ്‍ റിപ്പോര്‍ട്ട് ചെയ്തു.

നിലവിൽ ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിൽ ഇന്ത്യൻ ടീമിനൊപ്പമുള്ള ഗംഭീറിന്‍റെ ബിസിസിഐയുമായുള്ള കരാർ 2027 ഏകദിന ലോകകപ്പ് വരെയാണ്. 2028-ലെ ലോസ് ഏയ്ഞ്ചൽസ് ഒളിമ്പിക്‌സ് വരെ ഗംഭീറിന് കരാർ നീട്ടിനൽകാൻ സാധ്യതയുണ്ടെങ്കിലും, ഭാവി ലക്ഷ്യമിട്ട് ഫ്രാഞ്ചൈസികൾ ഇപ്പോൾ തന്നെ രംഗത്തിറങ്ങിയത്. റിപ്പോർട്ടുകൾ പ്രകാരം ഗംഭീറിന്‍റെ പഴയ ഫ്രാഞ്ചൈസിയായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് പുറമെ രാജസ്ഥാൻ റോയൽസ് മാനേജ്‌മെന്‍റും ഗംഭീറിന്‍റെ പ്രതിനിധികളുമായി ചർച്ച നടത്തിയിട്ടുണ്ട്. ഇതിന് പുറമെ ഐപിഎല്ലിലെ ഏറ്റവും വിജയകരമായ ഒരു ടീമും, ഇതുവരെ കിരീടം നേടാത്ത മറ്റൊരു ടീമും ഗംഭീറിനെ ഒപ്പം കൂട്ടാൻ താൽര്യം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ ബിസിസിഐയുടെ 'ഭിന്നതാത്പര്യങ്ങൾ തടയുന്ന' നിയമം അനുസരിച്ച് ഇന്ത്യൻ ടീമിന്റെ പരിശീലകസ്ഥാനത്തിരിക്കുമ്പോൾ ഗംഭീറിന് ഐപിഎൽ ടീമുകളുടെ ഭാഗമാകാൻ സാധിക്കില്ല.

അതിനാൽ കരാർ നീട്ടുന്ന കാര്യത്തിൽ ബിസിസിഐ എടുക്കുന്ന തീരുമാനത്തെ ആശ്രയിച്ചായിരിക്കും ഈ നീക്കങ്ങളുടെ ഭാവി. പരിശീലകനെന്ന നിലയിലും മെന്‍ററെന്ന നിലയിലും ഐപിഎല്ലിൽ മികച്ച റെക്കോര്‍ഡാണ് ഗംഭീറിനുള്ളത്. 2022, 2023 സീസണുകളിൽ ലക്നൗ സൂപ്പർ ജയന്‍റ്സിനെ പ്ലേഓഫിലെത്തിക്കാൻ മെന്‍ററെന്ന നിലയില്‍ ഗംഭീറിന് സാധിച്ചിരുന്നു. പിന്നീട് ഷാരൂഖ് ഖാന്‍റെ ക്ഷണം സ്വീകരിച്ച് കൊല്‍ക്കത്തയിലേക്ക് തിരിച്ചെത്തിയ ഗംഭീർ, 2024-ൽ ശ്രേയസ് അയ്യരുടെ നായകത്വത്തിന് കീഴിൽ 10 വർഷത്തെ കാത്തിരിപ്പിന് ശേഷം ടീമിന് മൂന്നാം ഐപിഎൽ കിരീടം നേടിക്കൊടുത്തു.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

ഗംഭീർ ഇന്ത്യൻ പരിശീലകനായി പോയതോടെ കൊല്‍ക്കത്തക്കും ലക്നൗനൗവിനും തുടർന്നുള്ള സീസണുകളിൽ പ്ലേഓഫ് യോഗ്യത നേടാനായിരുന്നില്ല. അതുകൊണ്ടുതന്നെയാണ് പുതിയ പരിശീലക സംഘത്തെ വാർത്തെടുക്കാൻ ശ്രമിക്കുന്ന ഫ്രാഞ്ചൈസികൾ ഗംഭീറിനായി ഇപ്പോൾ തന്നെ നീക്കങ്ങൾ സജീവമാക്കിയിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക