ന്യൂസിലിൻഡിനെതിരായ നാലാം ടി20ക്ക് ഓക്ക്‌ലൻഡില്‍ കളം ഒരുങ്ങും മുൻപ് തന്നെ ഇഷാൻ കിഷൻ തന്റെ മടങ്ങിവരവിന്റെ സൂചനകള്‍ നല്‍കിയിരുന്നു. അപ്പോള്‍ ഒരു ചോദ്യമാണ് മുന്നിലുണ്ടായിരുന്നത്, പലപ്പോഴും ഉയര്‍ന്നുകേട്ട ആ ആശയക്കുഴപ്പം. സഞ്ജു സാംസണിന്റെ ഭാവി ഇനി എന്തായിരിക്കുമെന്ന്. അങ്ങനെയൊരു ആശങ്കയ്ക്കുള്ളതെല്ലാം വെല്ലിങ്ടണില്‍ അഭിഷേക് ശര്‍മയും വൈഭവ് സൂര്യവംശിയും ബാക്കിവെച്ചിരുന്നല്ലോ...
പക്ഷേ, ടോസ് വിജയിച്ച ശേഷം ശ്രേയസ് അയ്യര്‍ ഇന്ത്യൻ ടീമിന്റെ നിലപാട് പ്രഖ്യാപിച്ചു. ഇഷാൻ കിഷൻ കംസ് ബാക്ക് ഇൻ ഫോര്‍ വൈഭവ് സൂര്യവംശി. ഇതിന്റെ സാരാംശം ഇങ്ങനെയായിരുന്നു, സഞ്ജുവായിരിക്കും ഇന്ത്യയുടെ ഫസ്റ്റ് ചോയിസ് ഓപ്പണറെന്ന്, അതില്‍ അടുത്തെങ്ങും മാറ്റമുണ്ടാകില്ല...കാരണം ആ സ്ഥാനം അയാള്‍ നേടിയെടുത്തതിന് പിന്നില്‍ ലോകകിരീടത്തിന്റെ തിളക്കമുണ്ട്...
വെല്ലിങ്ടണില്‍ അഭിഷേക് - വൈഭവ് കൂട്ടുകെട്ട് പടുത്തുയര്‍ത്തിയത് അന്താരാഷ്ട്ര ടി20 ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പവര്‍പ്ലേ സ്കോററായിരുന്നു, 118 റണ്‍സ്. ബ്രൂട്ടല്‍ ഹിറ്റിങ്ങിന്റെ പര്യായമായി മാറിയ ആറ് ഓവറുകള്‍. പക്ഷേ, അവിടെ ടീമിന്റെ തീരുമാനത്തിനൊപ്പം നിന്ന് തന്റെ കരിയറിന് പുതുജീവൻ നല്‍കിയ ഓപ്പണിങ് സ്ഥാനം വിട്ടുനല്‍കി മൂന്നാം നമ്പറിലേക്കിറങ്ങിയത് സഞ്ജുവായിരുന്നു. മത്സരശേഷം അഭിനന്ദനങ്ങള്‍ ഒരുപാട് തേടിയെത്തിങ്കിലും പവര്‍പ്ലേയ്ക്ക് ശേഷം ക്രീസിലെത്തിയ സഞ്ജുവിന് ഇന്ത്യയുടെ വിജയം ഉറപ്പിക്കാനാകാതെയാണ് മടങ്ങേണ്ടി വന്നത്.
കാരണം മൂന്നാം നമ്പറെന്ന സഞ്ജുവിന്റെ ശൈലിക്ക് യോജിച്ചതല്ല. ഈ പൊസിഷനില്‍ കരിയറിലുടനീളം സക്സസ് നേടിയെടുക്കാൻ സഞ്ജുവിന് കഴിഞ്ഞിട്ടില്ല എന്നത് വസ്തുതയായും മുന്നിലുണ്ട്. എട്ട് ഇന്നിങ്സുകളിലാണ് സഞ്ജു മൂന്നാം നമ്പറില്‍ ഇന്ത്യക്കായി ബാറ്റ് ചെയ്തിട്ടുള്ളത്. ഒരു അര്‍ദ്ധ സെഞ്ചുറിയടക്കം 118 റണ്‍സ് മാത്രമാണ് നേട്ടം. ശരാശരി 14, സ്ട്രൈക്ക് റേറ്റ് 120നും താഴെ. എന്നാല്‍ ഓപ്പണറായി 43 ഇന്നിങ്സുകളില്‍ നിന്ന് 10 സ്ട്രൈക്ക് റേറ്റില്‍ 1334 റണ്‍സ് നേടി. മൂന്ന് സെഞ്ചുറിയും ഒരു അര്‍ദ്ധ ശതകവുമുണ്ട്.
സ്ട്രൈക്ക് റേറ്റും ശരാശരിയുമെടുത്താല്‍ ലോക ഒന്നാം നമ്പര്‍ ടി20 ബാറ്ററായ അഭിഷേകിന് തൊട്ടടുത്താണ് സഞ്ജു. ഇതിനൊപ്പം ചേര്‍ത്തുവെക്കേണ്ടത് സമീപകാലത്തെ സഞ്ജുവിന്റെ പ്രകടനമാണ്. കഴിഞ്ഞ എട്ട് മത്സരങ്ങളില്‍ മൂന്ന് അര്‍ദ്ധ സെഞ്ചുറികളാണ് വലം കയ്യൻ ബാറ്റര്‍ നേടിയത്. വിൻഡീസ് പരമ്പരയില്‍ രണ്ടെണ്ണം. ഇതിനെല്ലാം ഉപരി ക്രൈസ്റ്റ് ചര്‍ച്ചിലെ ഒന്നാം ടി20യില്‍ ഇന്ത്യ ചരിത്ര വിജയം നേടുമ്പോള്‍ അതിന് അടിത്തറ പാകിയതും സഞ്ജുവിന്റെ ഇന്നിങ്സായിരുന്നു. എട്ട് ഫോറും നാല് സിക്സും ഉള്‍പ്പെടെ 33 പന്തില്‍ 67 റണ്‍സ്.
ഇന്ത്യയിലെ സാഹചര്യങ്ങളില്‍ മാത്രമെ സഞ്ജുവിന് തിളങ്ങാനാകുവെന്ന വിമര്‍ശനം ഉയര്‍ത്തിയവര്‍ക്കുള്ള മറുപടി കൂടിയായിരുന്നു ക്രൈസ്റ്റ് ചര്‍ച്ചിലെ റണ്‍വേട്ട. ഇതെല്ലാം വിസ്മരിച്ചുകൊണ്ട് സഞ്ജുവിനെ തഴയുക എന്നത് ടീം മാനേജ്മെന്റിന് സാധിക്കുന്ന കാര്യമല്ലെന്ന് ഗൗതം ഗംഭീര്‍ വ്യക്തമാക്കിയിട്ടുണ്ട്, നായകൻ ശ്രേയസും ഗംഭീറിന്റെ നിലപാടിനൊപ്പമാണ്. ഇതിനെല്ലാം പുറമെ മറ്റൊന്നുകൂടിയുണ്ട്. 2028 ടി20 ലോകകപ്പ്. ആ പ്രൊജക്റ്റിലേക്കുള്ള ആദ്യ പടികൂടിയാണ് നിലവില്‍ പുരോഗമിക്കുന്ന ന്യൂസിലൻഡ് പര്യടനം. കാരണം 2028 ഒക്ടോബറില്‍ ആരംഭിക്കുന്ന ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കുന്നത് ഓസ്ട്രേലിയയും ന്യൂസിലൻഡുമാണ്.
അതുകൊണ്ട് തന്നെ ഈ പരമ്പരയിലെ പ്രകടനം ടീം സെലക്ഷനില്‍ നിര്‍ണായക പങ്കുവഹിക്കാൻ സാധ്യതയുമുണ്ട്. ലോകകപ്പ് പോലൊരു വലിയ ടൂര്‍ണമെന്റില്‍, ഹൈ പ്രഷര്‍ സാഹചര്യങ്ങളില്‍ മികവ് തെളിയിക്കാൻ കഴിയണം. ഹൈ പ്രഷറില്ലാത്ത മത്സരങ്ങളില്‍ വലിയ സ്കോര്‍ നേടുന്നതും പ്രഷറുള്ള മത്സരങ്ങളില്‍ തിളങ്ങുന്നതും തമ്മില്‍ വ്യത്യാസമുണ്ട്. 2026 ടി20 ലോകകപ്പില്‍ സഞ്ജുവിന്റെ മൂന്ന് അര്‍ദ്ധ സെഞ്ചുറികളും വന്നത് അത്തരം മത്സരങ്ങളിലായിരുന്നു, ക്രൈസ്റ്റ് ചര്‍ച്ച് ടി20യും ഹൈ പ്രഷര്‍ ഗെയിമായിരുന്നു.
വൈഭവിന്റെ ഹൈലി അഗ്രസീവ് അപ്രോച്ച് ഒരുവശത്ത് നില്‍ക്കുമ്പോഴും സഞ്ജുവിനെ മാനേജ്മെന്റ് ബാക്ക് ചെയ്യുന്നതിന്റെ കാരണവും ഇതാണ്. പ്രഷര്‍ അബ്സോര്‍ബ് ചെയ്ത് മാച്ച് വിന്നിങ് പെര്‍ഫോമൻസ് പുറത്തെടുക്കാനുള്ള എബിലിറ്റി.

