കൊച്ചി: ചേരാനല്ലൂര്‍ അപകടക്കേസിൽ പ്രോസിക്യൂഷനെ രൂക്ഷമായി വിമർശിച്ച് കുട്ടികളുടെയും സ്ത്രീകളുടേയും കേസുകൾ പരിഗണിക്കുന്ന അഡീഷണൽ സെഷൻസ് കോടതി. പതിനേഴുകാരന്‍റെ ജാമ്യം റദ്ദാക്കണമെന്ന അപേക്ഷ പരി​ഗണിക്കുന്നതിനിടെയാണ് വിമർശനം. 17കാരൻ്റെ പേരുവിവരങ്ങൾ അപേക്ഷയിൽ ഉൾപ്പെടുത്തിയതിനെയാണ് കോടതി വിമർശിച്ചത്. ഇത് ശിക്ഷാർഹമായ കുറ്റമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. കുടുംബത്തിന്റേയും പ്രോസിക്യൂഷന്റെയും അപേക്ഷകളിൽ 17കാരന്റെ പേര് വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടായിരുന്നു. ഇങ്ങനെയാണോ അപ്പീൽ നൽകേണ്ടത് എന്ന് ചോദിച്ച കോടതി വിവരങ്ങൾ ഉൾപ്പെടാത്ത അപ്പീൽ വീണ്ടും നൽകാൻ പ്രോസിക്യൂഷന് നിർദേശം നൽകുകയും ചെയ്തു. ഹർജി നാളെ വീണ്ടും പരിഗണിക്കും.