ന്യൂഡല്‍ഹി: ടെസ്റ്റ് ക്രിക്കറ്റ് എന്നെ സംബന്ധിച്ച് ഒരു ഫോര്‍മാറ്റ് മാത്രമായിരുന്നില്ല, അതെന്റെ ഹൃദയത്തോട് ചേര്‍ന്ന് കിടക്കുന്ന ജീവിതത്തിലെ പ്രത്യേക ഇടമാണ് - ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു കൊണ്ട് പറഞ്ഞതാണിത്.
ഇന്ത്യയുടെ ടെസ്റ്റ് ടീമിന് കരുത്തേകിയ താരമാണ് മുഹമ്മദ് ഷമി. ടെസ്റ്റ് ഫോര്‍മാറ്റില്‍ നിന്ന് അദ്ദേഹം വിട പറയുമ്പോള്‍ ഒരു യുഗം തന്നെ അവസാനിക്കുന്നു. 64 ടെസ്‌റ്റുകള്‍ കളിച്ചിട്ടുള്ള മുഹമ്മദ് ഷമി 27.71 ശരാശരിയില്‍ 229 വിക്കറ്റുകള്‍ നേടി. 2023 ലെ ലോക ടെസ്‌റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലാണ് ഷമി അവസാനമായി ഇന്ത്യന്‍ ടെസ്റ്റ് ജഴ്‌സി അണിഞ്ഞത്. പിന്നീട് താരത്തെ ടീമിലേക്ക് പരിഗണിച്ചിരുന്നില്ല. ഏകദിന, ട്വന്റി20 ഫോര്‍മാറ്റുകളില്‍ ഷമി തുടര്‍ന്നേക്കും. 2013 നവംബര്‍ 6ന് കൊല്‍ക്കത്തയല്‍ നടന്ന മത്സരത്തിലൂടെയായിരുന്നു ഷമിയുടെ ടെസ്‌റ്റ് അരങ്ങേറ്റം.
64 ടെസ്‌റ്റുകളില്‍ അഞ്ച് തവണയാണ് ഷമി അഞ്ച് വിക്കറ്റ് പ്രകടനം കാഴ്‌ചവെച്ചത്. 56 റണ്‍സിന് 5 വിക്കറ്റെടുത്തതാണ് മികച്ച പ്രകടനം. 2023 ഓസ്‌ട്രേലിയക്കെതിരെയാണ് അവസാനമായി ടെസ്‌റ്റ്‌കളിച്ചത്. അതേ വര്‍ഷം ഏകദിന ലോകകപ്പില്‍ ഏഴ് ഇന്നിംഗ്‌സുകളില്‍ 24 വിക്കറ്റുകള്‍ വീഴ്‌ത്തി ഷമി ലീഡിംഗ് വിക്കറ്റ് ടേക്കര്‍ ആയി മാറി.
ടെസ്റ്റ് ക്രിക്കറ്റില്‍ രാജ്യത്തെ പ്രതിനിധാനം ചെയ്യാന്‍ അവസരമൊരുക്കിയതിന് ബി സി സി ഐയോടും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷനോടും കുടുംബത്തോടും സുഹുൃത്തുക്കളോടും ക്രിക്കറ്റ് പ്രേമികളോടും നന്ദി അറിയിച്ച ഷമി വൈകാരികമായ കുറിപ്പോടെയാണ് ടെസ്‌റ്റില്‍ നിന്ന് വിരമിക്കുന്നത്.
ടെസ്റ്റ് ക്രിക്കറ്റിലെ എന്റെ അവസാന പന്തും ഞാന്‍ എറിഞ്ഞു കഴിഞ്ഞിരിക്കുന്നു- നന്ദി, ടെസ്റ്റ് ക്രിക്കറ്റ്...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് ലിങ്ക്: https://www.youtube.com/live/s0LLVQeMmtU?si=31j3tChnat66QzkK

