മെല്‍ബൺ: അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഓസ്ട്രേലിയൻ സൂപ്പർ ഓൾ റൗണ്ടർ ഗ്ലെൻ മാക്‌സ്‌വെൽ. 14 വർഷം നീണ്ട അന്താരാഷ്ട്ര കരിയറിനാണ് 38കാരനായ മാക്സ്‌വെൽ വിരാമമിട്ടത്. അന്താരാഷ്ട്ര തലത്തിൽ നിന്നുള്ള വിരമിക്കലിന് മുന്നോടിയായി വിക്ടോറിയയ്ക്ക് വേണ്ടിയുള്ള ആഭ്യന്തര ഏകദിന, ചതുര്‍ദിന മത്സരങ്ങളിൽ നിന്നും മാക്സ്‌വെൽ കഴിഞ്ഞ ദിവസം പിന്മാറിയിരുന്നു.

2025 ജൂണില്‍ മാക്സ്‌വെല്‍ ഏകദിനങ്ങളിൽ നിന്ന് വിരമിച്ച മാക്സ്‌വെല്ലിന് കുറച്ചുകാലമായി ഓസ്ട്രേലിയൻ ടി20 ടീമിലും ഇടം ലഭിക്കാതിരുന്നതിനെ തുടര്‍ന്നാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ വിരമിക്കാൻ തീരുമാനിച്ചത്. 2026 ഏപ്രിലിൽ ക്രിക്കറ്റ് ഓസ്ട്രേലിയ മാക്സ്‌വെല്ലിനെ വാര്‍ഷിക കരാറിൽ നിന്ന് ഒഴിവാക്കുകയും തൊട്ടുപിന്നാലെ നടന്ന ബംഗ്ലാദേശ് പര്യടനത്തിനുള്ള ടി20 ടീമിൽ നിന്ന് ഒഴിവാക്കുകയും ചെയ്തിരുന്നു. ഈ വര്‍ഷം നടന്ന ടി20 ലോകകപ്പിൽ ഒമാനെതിരായ സൂപ്പർ 8 പോരാട്ടമാണ് മാക്‌സ്‌വെൽ ഓസ്ട്രേലിയക്കായി കളിച്ച അവസാന അന്താരാഷ്ട്ര മത്സരം.

ഓസ്ട്രേലിയക്കായി 286 മത്സരങ്ങളിൽ നിന്ന് 7,226 റൺസും 136 വിക്കറ്റുകളും മാക്‌സ്‌വെൽ നേടിയിട്ടുണ്ട്. 149 ഏകദിനങ്ങളിൽ നിന്ന് 3,990 റൺസും 130 ടി20 മത്സരങ്ങളിൽ നിന്ന് 2,897 റൺസും ഏഴ് ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 339 റൺസുമാണ് മാക്സ്‌വെവെല്ലിന്‍റെ സമ്പാദ്യം. ഓസ്ട്രേലിയയുടെ മൂന്ന് ലോകകപ്പ് കിരീടനേട്ടങ്ങളിൽ നിർണായക പങ്കുവഹിച്ച മാക്‌സ്‌വെല്‍ 2015, 2023 ഏകദിന ലോകകപ്പുകളും 2021-ലെ ടി20 ലോകകപ്പും ഉയർത്തിയ ടീമിലും അംഗമായിരുന്നു.

View this post on Instagram

A post shared by The Final Word (@finalwordcricket)

2023 ഏകദിന ലോകകപ്പിൽ മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ അഫ്ഗാനിസ്ഥാനെതിരായ മത്സരമായിരുന്നു മാക്‌സ്‌വെല്ലിന്‍റെ കരിയറിലെ ഏറ്റവും അവിസ്മരണീയമായ പ്രകടനം. 292 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയ ഒരു ഘട്ടത്തിൽ 91 റൺസിന് 7 വിക്കറ്റ് എന്ന നിലയിൽ തോൽവിയുടെ വക്കിലായിരുന്നു. എന്നാൽ പരിക്കും ശാരീരിക ബുദ്ധിമുട്ടുകളും വകവെക്കാതെ പോരാടിയ മാക്‌സ്‌വെൽ, 128 പന്തുകളിൽ നിന്ന് 21 ഫോറുകളും 10 സിക്സറുകളും അടക്കം പുറത്താകാതെ 201 റൺസ് നേടി ഓസ്ട്രേലിയയെ അവിശ്വസനീയ വിജയത്തിലേക്ക് നയിച്ചു.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

നായകൻ പാറ്റ് കമിൻസിനൊപ്പം പുറത്താകാത്ത 202 റൺസിന്‍റെ കൂട്ടുകെട്ട് ഉയർത്തിയ മാക്സ്‌വെല്‍ ഏകദിനത്തിൽ ഡബിൾ സെഞ്ചുറി നേടുന്ന ആദ്യ ഓസ്ട്രേലിയൻ താരമെന്ന നേട്ടവും അന്ന് സ്വന്തമാക്കി. അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിടപറഞ്ഞെങ്കിലും വിവിധ ഫ്രാഞ്ചൈസി ടി20 ലീഗുകളിൽ മാക്‌സ്‌വെൽ തുടർന്നും കളിക്കും. ഓസ്ട്രേലിയൻ ബിഗ് ബാഷ് ലീഗിൽ മെൽബൺ സ്റ്റാഴ്സിനായി 2026-27 സീസണിൽ മാക്സ്‌വെല്‍ കളിക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക