ഹാമില്ട്ടൺ: ഇടവേളകളില്ലാത്ത മത്സരക്രമം മൂലം കടുത്ത മാനസിക സമ്മർദ്ദം നേരിടുന്നുണ്ടെന്ന് തുറന്നുസമ്മതിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യപരിശീലകൻ ഗൗതം ഗംഭീർ. എന്നാൽ ഇത്തരം തിരിച്ചടികളെ ഭയക്കുന്നില്ലെന്നും എന്ത് വിമർശനങ്ങളും നേരിടാൻ താൻ തയ്യാറാണെന്നും ഹാമിൽട്ടണിൽ ന്യൂസിലൻഡിനെതിരായ അഞ്ചാം ടി20 മത്സരത്തിലെ തോൽവിക്ക് ശേഷം ഗംഭീർ വ്യക്തമാക്കി. ഈ വര്‍ഷം ഗംഭീറിന് കീഴില്‍ കളിക്കുന്ന 12-ാമത്തെ പരമ്പരയാണിത്. പ്രധാന കളിക്കാരുടെ ജോലിഭാരം ക്രമീകരിക്കാനായി ബി.സി.സി.ഐ വിശ്രമം നൽകാറുണ്ടെങ്കിലും, എല്ലാ ഫോർമാറ്റുകളുടെയും പരിശീലകനായ ഗംഭീറിന് ഈ വർഷം വിശ്രമമില്ലാത്ത മത്സരക്രമമായിരുന്നു.
എന്റെ നിഘണ്ടുവിലോ ചിന്തകളിലോ ഭയം എന്നൊരു വാക്കില്ല. നമ്മൾ പ്രൊഫഷണലുകളാണ്, ഒഴികഴിവുകൾ പറയുന്നതിൽ ഞാൻ വിശ്വസിക്കുന്നില്ല. മാനസികമായി കടുത്ത സമ്മർദ്ദം അനുഭവപ്പെടുന്നുണ്ടെന്നത് സത്യമാണ്. എന്നാൽ അത് അതിജീവിക്കാൻ തക്ക കരുത്ത് എനിക്കുണ്ട്. ടീമിന് നേരെ വരുന്ന ഏത് വെടിയുണ്ടയും സ്വന്തം നെഞ്ചിൽ ഏറ്റുവാങ്ങാൻ ഞാൻ തയ്യാറാണ്- ഗംഭീർ പറഞ്ഞു.
ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
വിമാനയാത്രയുടെ ക്ഷീണം മറികടന്ന് പരമ്പരയിൽ മികച്ച പ്രകടനം പുറത്തെടുത്ത ഇന്ത്യൻ യുവനിരയെ ഗംഭീർ അഭിനന്ദിച്ചു. ആദ്യ മത്സരത്തിന് മണിക്കൂറുകൾക്ക് മുൻപ് മാത്രം ന്യൂസിലൻഡിൽ എത്തിയ ഇന്ത്യ ആദ്യ മൂന്ന് മത്സരങ്ങളും വിജയിച്ചിരുന്നു. 15 മണിക്കൂർ നീണ്ട വിമാനയാത്രയ്ക്ക് ശേഷം ഒരു പരിശീലന സെഷൻ മാത്രം പൂർത്തിയാക്കിയാണ് ടീം കളത്തിലിറങ്ങിയത്. ന്യൂസിലൻഡിലെ വേറിട്ട കാലാവസ്ഥയിലും കളി സാഹചര്യങ്ങളിലും അവരുടെ പരിചയസമ്പന്നരായ ടീമിനെതിരെ ആദ്യമായി അവിടെ പര്യടനം നടത്തുന്ന യുവതാരങ്ങള്‍ കാഴ്ചവെച്ച പ്രകടനം പ്രശംസനീയമാണ്. ഈ നേട്ടത്തെക്കുറിച്ച് നമ്മൾ തീർച്ചയായും അഭിമാനിക്കണം-ഗംഭീര്‍ കൂട്ടിച്ചേർത്തു. ന്യൂസിലൻഡിനെതിരായ അഞ്ച് ഏകദിനങ്ങളും രണ്ട് ടെസ്റ്റുകളുമടങ്ങുന്ന പരമ്പരയാണ് ഇനി ഗംഭീറിനും സംഘത്തിനും മുന്നിലുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

