താൻ വിവാഹം കഴിക്കാൻ പോകുകയാണെന്നും പറ്റിയ ഒരാൾ‌ ജീവിതത്തിലേക്കു വന്നെന്നുമുള്ള സന്തോഷവാർത്ത ആരാധകരുമായി പങ്കുവെച്ച് മലയാളികളുടെ പ്രിയഗായിക റിമി ടോമി. രണ്ടാമതൊരു വിവാഹം ചെയ്യുന്നതിനെക്കുറിച്ച് എന്താണ് അഭിപ്രായമെന്ന് അടുത്തിടെ പല സ്റ്റേജുകളിലും താരം ആരാധകരോട് ചോദിച്ചിരുന്നു. ഇതിനെല്ലാം പിന്നാലെയാണ് റിമി തന്റെ യൂട്യൂബ് ചാനലിലൂടെ ആ സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്.

''ഞാന്‍ ഭയങ്കര സന്തോഷത്തിലാണ് അതിലൊരു സംശയവും വേണ്ട. പക്ഷേ ഒരു പാട്ണര്‍ എന്നൊരു വിടവ് എപ്പോഴും വേറെ ഉണ്ട്. പാട്ണറിന് മാത്രമേ ആ വിടവ് നികത്താന്‍ പറ്റുകയുള്ളൂ. അങ്ങനെയിരിക്കെ 2026 ല്‍ എന്റെ ജീവിതത്തിലേക്ക് ഒരാള്‍ വന്നു. ആരാണ്, എന്താണ് എന്നൊക്കെയുള്ളത് നിങ്ങളോട് ഞാന്‍ കൃത്യമായി പറയാം. ഒരു കാര്യം ഞാന്‍ പറയാം, ഒരഭിനേതാവോ ? ഗായകനോ പ്രശസ്തനായ ഒരാളോ ഒരു കോടീശ്വരനോ അങ്ങനെയൊന്നുമല്ല. ജീവിതത്തിലെ ഏറ്റവും വലിയ കാര്യം പണമോ പ്രശസ്തിയോ അതൊന്നുമല്ല.

കരിയറിലായാലും വ്യക്തിജീവിതത്തിലായാലും എല്ലാത്തിലുമൊരു വളര്‍ച്ചയുണ്ടാകുമെന്ന് ചില ആളുകളെ കാണുമ്പോള്‍ അവരോട് സംസാരിക്കുമ്പോള്‍ അടുത്തിടപഴകുമ്പോള്‍ ദൈവം തോന്നിപ്പിക്കാറുണ്ട്. എല്ലാവരും വലിയ പ്രതീക്ഷയിലാണ് ജീവിതം തുടങ്ങുന്നത്. എനിക്കും അങ്ങനെ തോന്നിയ ഒരു കാര്യമാണ് ഇതും. ദേഷ്യം, വാശി, സ്‌നേഹം, വിഷമം, അഹങ്കാരം അങ്ങനെ എല്ലാ നല്ല വശവും ചീത്ത വശവും കുറച്ചു നാളുകൊണ്ട് നമ്മള്‍ രണ്ടു പേരും അങ്ങോട്ടുമിങ്ങോട്ടും മനസിലാക്കി. അതിലുപരി എനിക്ക് നല്ല മനസമാധാനം ഉണ്ടായി. നല്ലൊരു ജീവിതം കിട്ടുമെന്ന് തോന്നിയപ്പോഴാണ് ഞാനീ തീരുമാനം എടുത്തത്. ഉടനെ ഉണ്ടാകും എന്ന് വിചാരിക്കുന്നു. പിന്നെ എല്ലാം ദൈവത്തിന്റെ കയ്യില്‍ അല്ലേ. എല്ലാവരുടെയും പ്രാര്‍ഥനയും അനുഗ്രഹവും പിന്തുണയും ഉണ്ടാകണം'', എന്നാണ് റിമി വീഡിയോയിൽ പറയുന്നത്.