കൊച്ചി : ആലുവയിൽ 185 ഗ്രാം എംഡിഎംഎ പിടികൂടിയ സംഭവത്തിലെ അന്വേഷണത്തിന് പിന്നാലെ കൂടുതൽ അറസ്റ്റ്. ഹരിപ്പാട് വയ്യാപുരം സ്വദേശിയാണ ധനേഷ് എസ് നായർ അറസ്റ്റിലായി. ഡാനിയെന്ന വിളിപ്പേരിലറിയപ്പെടുന്ന ഇയാളിൽ നിന്നും 803 ഗ്രാം ഹാഷിഷ് ഓയിലും 8 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു. ബംഗ്ലൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള ലഹരിക്കടത്തിലെ പ്രധാന കണ്ണിയാണ് ധനേഷെന്നാണ് പൊലീസ് നൽകുന്ന വിവരം. ഇന്നലെ 185 ഗ്രാം എംഡിഎംഎയുമായിഅറസ്റ്റിലായ ഹരികൃഷ്ണന്റെ ഫോണിൽനിന്നാണ് ധനേഷിനെ കുറിച്ച് വിവരം കിട്ടിയത്. മൈസൂരുവിനടുത്തുള്ള നഞ്ചൻഗുഡ്വിലാണ് പ്രതിയുടെ താമസം. ലഹരി കടത്താൻ പുതിയ വിദ്യകളാണ് സംഘം ഉപയോഗിക്കുന്നത്. ധനേഷിന് മൈസൂരുവിൽ വാഴത്തോട്ടമുണ്ട്. ഇവിടെ നിന്നും കേരളത്തിലേക്ക് വാഴക്കുലകൾ എത്തിക്കുന്നുണ്ട്. ഈ വാഴക്കുല ലോഡുകളിൽ പൊതിഞ്ഞാണ് ലഹരിക്കടത്തെന്നാണ് പൊലീസ് കണ്ടെത്തൽ.
ലഹരിമരുന്ന് കടത്ത് കേസുമായി ബന്ധപ്പെട്ട് കൊച്ചിയിൽ അറസ്റ്റിലായ ഹരികൃഷ്ണന്റെ ഫോണിൽ നിന്നാണ് മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച വിവിധ രീതികളുടെ വിവരങ്ങൾ പോലീസിന് ലഭിച്ചത്. ബാംഗ്ലൂർ-മൈസൂർ മേഖലകളിൽ നിന്ന് കേരളത്തിലേക്ക് നേന്ത്രപ്പഴക്കുലകൾക്കുള്ളിൽ ഒളിപ്പിച്ചാണ് ഇവർ വൻതോതിൽ എംഡിഎംഎ കടത്തിയിരുന്നതെന്ന് പ്രതികളുടെ മൊബൈൽ ഫോണുകളിൽ നിന്നുള്ള വിവരങ്ങളിൽ നിന്നും ദൃശ്യങ്ങളിൽ നിന്നും വ്യക്തമായി.

