സ്നേഹം പറയാനോ പ്രകടിപ്പിക്കാനോ ശീലിച്ചിട്ടില്ലാത്ത, ഗൗരവ സ്വഭാവക്കാരനായ ഒരു മനുഷ്യന്റെ ജീവിതകഥ പറയുന്ന അരികിൽ എന്ന സിനിമയുടെ ചിത്രീകരണം വടക്കഞ്ചേരിയിൽ ആരംഭിച്ചു. നവാഗതനായ രജീഷ് രാജനാണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്. തികച്ചും ലളിതമായി നടന്ന ചടങ്ങിൽ നടൻ ജെയ്സ് ജോസിന്റെ മാതാപിതാക്കളായ പി എക്സ് ജോസും മേരി ജോസും ഭദ്രദീപം തെളിയിച്ച് കൊണ്ടാണ് തുടക്കമിട്ടത്. ഫാ. സേവ്യർ വളയത്തിൽ സ്വിച്ചോൺ കർമ്മവും സംവിധായകൻ രജീഷ് രാജൻ ഫസ്റ്റ് ക്ലാപ്പും നൽകി.
ലൂസിഫർ, ഗുമസ്തൻ, ആഘോഷം തുടങ്ങിയ ചിത്രങ്ങളിൽ മികച്ച കഥാപാതങ്ങളെ അവതരിപ്പിച്ച് ശ്രദ്ധേയനായ ജെയ്സ് ജോസാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ മാധവൻ നായരെ അവതരിപ്പിക്കുന്നത്. അസാമാന്യമായ അഭിനയ മുഹൂർത്തങ്ങൾക്ക് അവസരമേകുന്ന ഈ കഥാപാത്രം ജെയ്സ് ജോസ് എന്ന നടന്റെ അഭിനയ ജീവിതത്തിന് വലിയ വഴിത്തിരിവുകൾ സമ്മാനിക്കുവാൻ വഴിയൊരുക്കുന്ന ഒന്നാണ്. ഡാഡീഡ്രീം പ്രൊഡക്ഷന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ കോ പ്രൊഡക്ഷൻ സി ജി ഗ്രൂപ്പാണ് നിർവ്വഹിക്കുന്നത്.
സംഗീതം ശ്രീജിത്ത് ഇടവന, ഛായാഗ്രഹണം സിബി ജോസഫ്, എഡിറ്റിംഗ് സുജീർ ബാബു സുരേന്ദ്രൻ, പ്രൊജക്റ്റ് ഡിസൈൻ ഷാജു സെബാസ്റ്റ്യൻ. കലാസംവിധാനം മോഹൻദാസ്, കോസ്റ്റ്യൂം ഡിസൈൻ, മേക്കപ്പ് മാളു എസ്, പ്രൊഡക്ഷൻ കൺട്രോളർ രാജേഷ് കെ മത്തായി. വടക്കഞ്ചേരി, ആലത്തൂർ, മംഗലംഡാം പരിസരങ്ങളിലായി ഈ സിനിമയുടെ ചിത്രീകരണം പൂർത്തിയാകും. പിആര്‍ഒ വാഴൂർ ജോസ്.

