തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ​ഗ്യാനേഷ് കുമാറിനെതിരേ പ്രാഥമിക അന്വേഷണത്തിലേക്ക് കടന്ന് വിജിലൻസ്. ​കേരളത്തിൽ പൊതുമരാമത്ത് സെക്രട്ടറിയായിരിക്കെ കെഎസ്ടിപി പദ്ധതിയിൽ അഴിമതി നടത്തിയെന്നും ജീവനൊടുക്കിയ പ്രോജക്ട് മാനേജർ ലീ സി ബിന്നിൽനിന്ന് കൈക്കൂലി ചോദിച്ചെന്നുമുള്ള വെളിപ്പെടുത്തലിലാണ് വിജിലൻസ് അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തിന്റെ ഭാ​ഗമായി ​ഗ്യാനേഷ് കുമാറിനെതിരേ വെളിപ്പെടുത്തൽ നടത്തിയ കരാറുകാരനായ സാജനിൽനിന്ന് ചൊവ്വാഴ്ച വിജിലൻസ് സംഘം മൊഴിയെടുക്കും.

​ഗ്യാനേഷ് കുമാർ പൊതുമരാമത്ത് സെക്രട്ടറിയായിരിക്കെയാണ് ഇന്തോ-മലേഷ്യൻ കൺസോർഷ്യമായ പതി-ബെൽ കെഎസ്ടിപി റോഡ് പദ്ധതിയുടെ കരാർ ഏറ്റെടുത്തത്. സംസ്ഥാനത്തെ പ്രവൃത്തികളുടെ ബില്ലുകൾ മാറിനൽകാത്തതിനാലാണ് പതി-ബെൽ പ്രോജക്ട് മാനേജരായ ലീ സി ബിൻ ജീവനൊടുക്കിയെന്നാണ് ആരോപണം. ഈ സംഭവത്തിലാണ് അന്ന് പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന ​ഗ്യാനേഷ് കുമാറിനെതിരേയും ആരോപണമുയർന്നത്.

ജീവനൊടുക്കിയ ലീയോട് ​ഗ്യാനേഷ് കുമാർ രണ്ടുകോടി രൂപ കൈക്കൂലി ചോദിച്ചിരുന്നതായി പതിബെൽ കമ്പനിയുടെ ഉപകരാറുകാരനായ സാജൻ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ലീയുടെ ആത്മഹത്യയ്ക്ക് കാരണക്കാരൻ ​ഗ്യാനേഷ് കുമാർ ആണെന്നും സാജൻ ഏഷ്യാനെറ്റ് ന്യൂസിലൂടെ വെളിപ്പെടുത്തി. ​ഗ്യാനേഷ് കുമാർ കെഎസ്ടിപി കരാർ ഏറ്റെടുത്തിരുന്ന പതിബെലിന് ബില്ലുകൾ മാറിനൽകിയില്ല. ബില്ലുകൾ മാറാൻ രണ്ടുകോടി രൂപയാണ് ​ഗ്യാനേഷ് കുമാർ കൈക്കൂലി ചോദിച്ചത്. ഇക്കാര്യം ലീ തന്നോട് പറഞ്ഞിരുന്നു. സംഭവത്തിൽ വിജിലൻസ് ആദ്യം നടത്തിയ അന്വേഷണം ​ഗ്യാനേഷിനെ വെള്ളപൂശാനായിരുന്നുവെന്നും സാജൻ ആരോപിച്ചിരുന്നു.

സാജന്റെ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് ​ഗ്യാനേഷ് കുമാറിനെതിരേ അന്വേഷണം നടത്താൻ സർക്കാർ തീരുമാനമെടുത്തത്. തുടർന്ന് വിജിലൻസ് അന്വേഷണത്തിനും ഉത്തരവിട്ടു. ​ഗ്യാനേഷിനെതിരേ അന്വേഷണം നടത്താമെന്ന് സർക്കാരിന് നിയമോപദേശവും ലഭിച്ചിരുന്നു. വിജിലൻസിന്റെ തിരുവനന്തപുരത്തെ പ്രത്യേക യൂണിറ്റിനാണ് അന്വേഷണച്ചുമതല.