കോഴിക്കോട്: ബാറുകൾക്ക് ഉദ്യോഗസ്ഥർ ലൈസൻസ് നൽകിയ സംഭവത്തിൽ വിമർശനവുമായി സമസ്ത കാന്തപുരം വിഭാഗം മുഖപത്രം. സർക്കാർ തീരുമാനം കാറ്റിൽ പറത്തുന്ന ഉദ്യോഗസ്ഥ നടപടി അധികാര ലംഘനമാണെന്നും മുൻ സർക്കാരിന്റെ ചട്ടങ്ങളിലെ പിഴവുകൾ മുതലെടുത്തെന്നും സിറാജ് ദിനപത്രത്തിൽ പറയുന്നു. നടക്കുന്നത് ഇദ്യോഗസ്ഥ ഭരണമോ എന്നും മുഖപത്രത്തിൽ വിമർശിക്കുന്നുണ്ട്. സംസ്ഥാനത്ത് പുതിയ ബാറുകള്‍ അനുവദിച്ചതിനെ മുഖ്യമന്ത്രി വിമര്‍ശിച്ചിരുന്നു. സര്‍ക്കാര്‍ അറിയാതെ ബാറുകള്‍ അനുവദിക്കാൻ പാടില്ലെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി സര്‍ക്കാര്‍ മദ്യ നയം ഉടനെ ഉണ്ടാവുമെന്നും പറഞ്ഞിരുന്നു.

സർക്കാറിൻ്റെ അനുമതിക്ക് കാക്കാതെ സംസ്ഥാനത്ത് രണ്ട് പുതിയ ബാറുകൾക്ക് ലൈസൻസ് നൽകിയ എക്സൈസ് കമ്മീഷണറുടെ നടപടിയിൽ വൻ വിവാദമാണ് ഉണ്ടായത്. യുഡിഎഫിന്‍റെ മദ്യനയം വരും വരെ ഒരു ലൈസൻസും അനുവദിക്കേണ്ടതില്ലെന്ന നിലപാടെടുത്തിട്ടും കണക്കിലെടുക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് മന്ത്രി എം ലിജു മുന്നറിയിപ്പ് നൽകിയിരുന്നു.

എറണാകുളത്ത് രണ്ടും കോട്ടയത്ത് ഒന്നും ബിയർപാലറിന് വിദേശ മദ്യവിൽപ്പനക്കുള്ള ലൈസൻസ് നൽകിയ എക്സൈസ് ഉദ്യോഗസ്ഥരുടെ നടപടിയിൽ എക്സൈസ് മന്ത്രി കർശന നിലപാടുമായി മുന്നോട്ട് പോകുന്നതിനിടെയാണ് സംസ്ഥാനത്ത് പുതിയ രണ്ട് ബാറുകൾക്ക് കൂടി ലൈസൻസ് അനുവദിച്ചിട്ടുണ്ടെന്ന വാർത്ത ഏഷ്യാനെറ്റ് ന്യൂസ് പുറത്ത് വിടുന്നത്. നെടുമ്പാശേരി വിമാനത്താവളത്തിലെ ഡൊമസ്റ്റിക് ലോഞ്ചിലെ രണ്ട് പുതിയ ബാറിനാണ് ലൈസൻസ്. ട്രാവൽ ഫുഡ് സർവ്വീസസ് ലിമിറ്റഡ് എന്ന കമ്പനിയുടെ അപേക്ഷ പരിഗണിച്ച് എയർപോർട്ട് ലോഞ്ചുകളിൽ നൽകുന്ന എഫ്എൽ 7 ലൈസൻസ് അനുവദിച്ച് ഉത്തരവിറക്കിയത് എക്സൈസ് കമ്മീഷണർ സാംബശിവ റാവു ആണ്. രണ്ട് അനുമതിയും നൽകിയത് മിനിറ്റുകളുടെ വ്യത്യാസത്തിൽ ജൂൺ 22നാണ്. തുടർന്ന് നെടുമ്പാശ്ശേരിയിൽ തന്നെ ബാലാജി കാറ്റേഴ്സ് എഫ്എൽ 7 ലൈസൻസിന് നൽകിയ അപേക്ഷ എക്സൈസ് കമ്മീഷണർ വഴി സർക്കാരിന് മുന്നിലെത്തി, പക്ഷെ മദ്യനയം വരും വരെ തുടർ നടപടി പാടില്ലെന്ന് സർക്കാർ കത്ത് നൽകി.

ബിയർ പാർലറിന് വിദേശമദ്യ വിൽപ്പനക്ക് ലൈസൻസ് നൽകിയതിനെ എക്സൈസ് കമ്മീഷണർ ന്യായീകരിച്ചതിൽ മന്ത്രിക്ക് നേരത്തെ അതൃപ്തിയുണ്ട്. ജൂൺ മാസത്തിൽ അനുവദിച്ച ലൈസൻസുകൾ പൊതുജന ആവശ്യത്തിനുള്ളതല്ലെന്നും മുഖ്യമന്ത്രി ചെയർമാൻ ആയ സിയാലിന്‍റെ അപേക്ഷ പ്രകാരമാണ് ഡൊമസ്റ്റിക് ലോഞ്ചിൽ ബാർ അനുവദിച്ചതെന്നുമാണ് കമ്മീഷണറുടെ വിശദീകരണം. ഒന്നുമറിഞ്ഞില്ലന്നുള്ള എക്സൈസ് മന്ത്രിയുടെ വാദത്തെ പ്രതിപക്ഷം വിമർശിക്കുകയായിരുന്നു. നയം വരും മുൻപെ നിലപാട് എടുക്കരുതെന്ന് മന്ത്രി ആവർത്തിച്ചിട്ടും അത് ഉദ്യോഗസ്ഥർ മറികടക്കുന്നതാണ് വകുപ്പിനെയും സർക്കാറിനെയും അടിക്കടി വെട്ടിലാക്കുന്നത്. പുതിയ നയത്തിൽ അന്തിമതീരുമാനം നീളുന്നതും പ്രതിസന്ധിക്കുള്ള കാരണമാണ്.